ഫ്രാന്‍സിസ് പാപ്പയുടെ ഗള്‍ഫ് സന്ദര്‍ശനം നാളെ ആരംഭിക്കുവാനിരിക്കെ മലയാളി സമൂഹത്തിനും അഭിമാന നിമിഷം. അബുദാബിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ അര്‍പ്പിക്കുന്ന വിശുദ്ധ കുർബാനയിൽ മലയാള ഭാഷയിലുള്ള പ്രാർത്ഥനയും ഉയരും. സന്ദേശമടക്കം 2 മണിക്കൂർ ദൈര്‍ഖ്യമുള്ള വിശുദ്ധ കുർബാനയിൽ മധ്യസ്ഥ പ്രാർത്ഥനകളിലൊന്ന് അര്‍പ്പിക്കപ്പെടുക മലയാളത്തിലാണ്. അഞ്ചു ഭാഷകളിലാകും പ്രാർത്ഥനകൾ. ഇതിലൊന്നായി മലയാള ഭാഷയും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

ഇതിനു പുറമേ പാപ്പയ്ക്ക് ഒപ്പം സഹകാര്‍മ്മികത്വം വഹിക്കുന്ന വൈദിക സംഘത്തിലും അള്‍ത്താര ബാലന്മാരിലും ഗായകസംഘത്തിലും മലയാളികളുണ്ടെന്നതും ശ്രദ്ധേയമാണ്. മാർപാപ്പയെ കൊട്ടാരത്തിൽ സ്വീകരിക്കുന്ന വൈദികരിൽ 5 പേർ മലയാളികളാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തിങ്കളാഴ്ചത്തെ മതാന്തര സമ്മേളനത്തിലും ചൊവ്വാഴ്ച രാവിലെ നടക്കുന്ന ദിവ്യബലിയിലും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമീസ് ബാവ എന്നിവരും പങ്കെടുക്കും.

Source: www.pravachakasabdam.com