സമാധാനത്തിന്റേയും, സാഹോദര്യത്തിന്റേയും സന്ദേശവുമായി മുസ്ലീം ഭൂരിപക്ഷമായ രാജ്യമായ മൊറോക്കോയിലേക്കു ഇന്ന്‍ മുതല്‍ ആരംഭിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനത്തില്‍ ഏറെ പ്രതീക്ഷയോടെ വിശ്വാസി സമൂഹം. തങ്ങളുടെ വിശ്വാസപരമായ അവകാശങ്ങള്‍ നേടിയെടുക്കുവാനുള്ള അവസരമായാണ് മൊറോക്കോയിലെ ന്യൂനപക്ഷമായ പരിവര്‍ത്തിത ക്രൈസ്തവര്‍ നോക്കിക്കാണുന്നത്. പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനം, തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നതകേന്ദ്രങ്ങളില്‍ എത്തിക്കുവാനുള്ള ഒരു മാര്‍ഗ്ഗമായി കാണുന്നവര്‍ നിരവധിയാണ്. സ്വന്തം ഭവനങ്ങളില്‍ വളരെ രഹസ്യമായിട്ട് ക്രൈസ്തവര്‍ ആരാധനകള്‍ നടത്തിവരുന്നത്.
കടുത്ത മതനിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന മൊറോക്കോയില്‍ വിദേശികള്‍ക്ക് മാത്രമാണ് ദേവാലയങ്ങളില്‍ പോകുവാന്‍ അനുവാദമുള്ളതെന്ന് മൊറോക്കന്‍ അസോസിയേഷന്‍ ഫോര്‍ റിലീജിയസ് റൈറ്റ്സ് ആന്‍ഡ് ഫ്രീഡംസിന്റെ തലവനായ ജവാദ് എല്‍ ഹമീദി വെളിപ്പെടുത്തി. മൊറോക്കോയിലെ പരിവര്‍ത്തിത ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം മതസ്വാതന്ത്ര്യം വെറും സ്വപ്നം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ നേരിടുന്ന വിശ്വാസ വിവേചനത്തെക്കുറിച്ച് ഹമീദിയുടെ സംഘടന ഇതിനോടകം തന്നെ വത്തിക്കാനെ അറിയിച്ചിട്ടുണ്ട്.
പാപ്പായുടെ സന്ദര്‍ശനം മൊറോക്കന്‍ പൗരന്‍മാരുടെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആത്മാര്‍ത്ഥമായ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനുള്ള അവസരമാക്കി മാറ്റുവാന്‍ ശ്രമിക്കുമെന്നാണ് ക്രിസ്ത്യന്‍ സംഘടനയായ ദി കോ-ഓര്‍ഡിനേഷന്‍ ഓഫ് മൊറോക്കന്‍ ക്രിസ്ത്യന്‍സ് പറയുന്നത്. എന്നാല്‍, മൊറോക്കോയില്‍ വിശ്വാസത്തിന്റെ പേരിലുള്ള വിവേചനമോ അടിച്ചമര്‍ത്തലോ ഇല്ലെന്നാണ് സര്‍ക്കാര്‍ വക്താവായ മുസ്തഫ എല്‍ ഖാല്‍ഫിയുടെ പ്രതികരണം.
Source: www.pravachakasabdam.com