ഭാരതത്തിലെ ആദിമക്രൈസ്തവരുടെ ജീവിതത്തിലേക്കു വെളിച്ചം വീശുന്ന ഏറ്റവും പുരാതനമായ ലിഖിതരേഖ എന്ന നിലയിൽ “തോമാശ്ലീഹായുടെ നടപടികൾ’ എന്ന പുരാതനഗ്രന്ഥം ഗൗരവമായ പഠനത്തിനു വിധേയമാക്കേണ്ടതാണെന്നു സീറോ മലബാർ സഭയുടെ ലിറ്റർജിക്കൽ റിസർച്ച് സെന്റർ (എൽആർസി) ചെയർമാൻ ബിഷപ് മാർ പോളി കണ്ണൂക്കാടൻ. സഭയുടെ ഗവേഷണ പഠനവിഭാഗമായ എൽആർസിയുടെ 56-ാമതു ത്രിദിന സെമിനാർ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഡി രണ്ടാം നൂറ്റാണ്ടിൽ സിറിയയിൽ തയാറാക്കപ്പെട്ട ഈ പുരാതനഗ്രന്ഥം അപ്പസ്തോലനായ തോമാശ്ലീഹായുടെ ഭാരതത്തിലെ പ്രവർത്തനങ്ങളിലേക്കു വെളിച്ചം വീശുന്നതാണ്. ഒരു ചരിത്രഗ്രന്ഥത്തിന്റെ ആധികാരികത അവകാശപ്പെടാൻ ഇതിനു കഴിയില്ല എന്നതുകൊണ്ടുമാത്രം ഭാരതത്തിലെ ക്രൈസ്തവരെ സംബന്ധിക്കുന്ന ഏറ്റവും പുരാതനമായ ലിഖിതരേഖ എന്ന നിലയിലുള്ള ഇതിന്റെ പ്രാധാന്യത്തിനു മങ്ങലേൽക്കുന്നില്ല.
പൗരാണിക ഇന്ത്യയും മധ്യപൂർവേഷ്യൻ സംസ്കാരങ്ങളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുടെ ചരിത്രത്തിലേക്കു സൂചനകൾ നൽകുന്നു എന്ന നിലയിൽ മാർതോമ്മാ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമർഹിക്കുന്നതാണ് ഈ ഗ്രന്ഥമെന്നും മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. എൽആർസി എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. പീറ്റർ കണ്ണന്പുഴ, റവ. ഡോ. നോബിൾ മണ്ണാറത്ത്, റവ. ഡോ. ജയിംസ് പുലിയുറുന്പിൽ, റവ. ഡോ. ജയിംസ് കുരികിലംകാട്ട്, ടോമി ജോസഫ് അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
Source: www.deepika.com