പെസഹാവ്യാഴം, ദുഃഖവെള്ളി ദിനങ്ങളിലെ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാന്പ് നടത്താനുള്ള സംസ്ഥാന ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ തീരുമാനം അത്യന്തം വേദനാജനകവും പ്രതിഷേധാർഹവുമാണെന്നു കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതി. ഡ്യൂട്ടിക്ക് ഹാജരാകാത്തവർക്കെതിരെയും ഇടവിട്ട ദിവസങ്ങളിൽ വരുന്നവർക്കെതിരെയും നടപടി ഉണ്ടാകുമെന്ന ഭീഷണിയും ആശങ്കാജനകമാണ്.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസ അവകാശങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും മത്സരിക്കുകയാണ്. കേന്ദ്രഭരണപ്രദേശങ്ങളിൽ ദുഃഖവെള്ളിയാഴ്ചകളിലെ അവധി റദ്ദാക്കിയതും 13 സംസ്ഥാനങ്ങളിൽ പെസഹാ വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടത്തുന്നതും ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
മാർച്ച് 17, 24, ഏപ്രിൽ ഏഴ്, 28, മേയ് അഞ്ച്, 12 എന്നീ ഞായറാഴ്ചകളിൽ പബ്ലിക് സർവീസ് കമ്മീഷന്റെ ഡിപ്പാർട്ട്മെന്റ് പരീക്ഷകൾ പ്രഖ്യാപിച്ചിരിക്കുന്നു. പ്രധാന അധ്യാപകർക്ക് തിരുവനന്തപുരത്തു സീമാറ്റിന്റെ നേതൃത്വത്തിലുള്ള പരിശീലന പരിപാടികൾ ഞായറാഴ്ചകളിലാണു സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 24 ഞായറാഴ്ച എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. യോഗം കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ, ജനറൽ സെക്രട്ടറി ജോഷി വടക്കൻ, ട്രഷറർ ജോസ് ആന്റണി, സിബി വലിയമറ്റം, മാത്യു ജോസഫ്, ഷാജി മാത്യു, ഡി.ആർ. ജോസ് ജയിംസ് കോശി, എം. ആബേൽ എന്നിവർ പ്രസംഗിച്ചു.
Source: www.deepika.com