മനുഷ്യജീവന്റെ സംരക്ഷണപ്രവർത്തനങ്ങളിൽ എല്ലാ വിശ്വാസികളും പ്രാർഥനയോടെ ആത്മാർഥമായി പരിശ്രമിക്കണമെന്നു കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കെസിബിസി പ്രോ ലൈഫ് സംസ്ഥാനതല ദിനാഘോഷവും കോതമംഗലം രൂപത പ്രവർത്തനവർഷ ഉദ്ഘാടനവും (ലവീത്ത-2019) മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ജീവനെതിരേ നിരവധി വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദരത്തിൽ വച്ചു തന്നെ ശിശുക്കൾ കൊലചെയ്യപ്പെടുന്നു.ആത്മഹത്യയും കൊലപാതകങ്ങളും വർധിക്കുന്പോൾ ജീവന്റെ മഹത്വം മുന്നിൽനിന്നു പ്രഘോഷിക്കാൻ പ്രോ ലൈഫ് പ്രവർത്തകർ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതു ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന, മേഖല, രൂപത നേതാക്കൾ നേതൃത്വം നൽകി. പ്രോ-ലൈഫ് എക്സിബിഷനും സ്നേഹവിരുന്നും നടന്നു. കേരളത്തിലെ അഞ്ച് മേഖലകളിലെ 32 രൂപതകളിൽനിന്നുള്ള പ്രോ ലൈഫ് പ്രവർത്തകർ പ്രതിനിധികളായി പങ്കെടുത്തു.
Source: www.deepika.com