ഫിലിപ്പീന്‍സില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്ക് നേരെ തീവ്രവാദികള്‍ ശക്തമായ ആക്രമണം അഴിച്ചുവിടുന്ന പശ്ചാത്തലത്തില്‍ ക്രൈസ്തവ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലീം യുവാക്കള്‍. ഇക്കഴിഞ്ഞ ഞായറാഴ്ച രാജ്യത്തെ മുസ്ലീം ഭൂരിപക്ഷ ദ്വീപ് സംസ്ഥാനമായ ബാസിലനിലെ ഇസബേല സിറ്റിയിലെ സാന്താ ഇസബേല്‍ കത്തീഡ്രല്‍ ദേവാലയത്തിന് മുന്നില്‍ വിശുദ്ധ കുര്‍ബാനയുടെ സമയത്തു അന്‍പതോളം മുസ്ലീം യുവാക്കളാണ് മനുഷ്യ വേലി തീര്‍ത്തത്.
സുമിസിപ്, മോഹ്മാദ് അജുല്‍, മലുസോ, ലാമിറ്റന്‍ തുടങ്ങിയ വിദൂര സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ വരെ മനുഷ്യവേലിയില് പങ്കുചേരാന്‍ എത്തിയിരിന്നു. ജനുവരി 27ന് ജോളോയിലെ ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മ്മല്‍ ദേവാലയത്തിലുണ്ടായ ഇരട്ട സ്ഫോടനങ്ങളേയും, സാമ്പോവാങ്ങായില് ഫെബ്രുവരി 1-നുണ്ടായ ഗ്രനേഡാക്രമത്തേയും തുടര്‍ന്ന് ക്രിസ്ത്യാനികള്‍ക്കും മുസ്ലീംങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള യുവാക്കള്‍ ദേവാലയ സംരക്ഷണത്തിനായി രംഗത്ത് വരികയായിരിന്നു.
മുസ്ലീംങ്ങളായ തങ്ങള്‍, ക്രിസ്ത്യന്‍ സഹോദരീ-സഹോദരന്മാരെ സ്നേഹിക്കുന്നുണ്ടെന്നും, അവരുടെ കാര്യത്തില്‍ തങ്ങള്‍ ശ്രദ്ധാലുക്കളാണെന്നും, അവര്‍ക്ക് വേണ്ടി ജീവന് ബലികൊടുക്കുവാന്‍ വരെ തയ്യാറാണെന്നും ബാസിലന്‍ പ്രാദേശിക സര്‍ക്കാരിന്റെ ഇന്റീരിയര്‍ വിഭാഗം പ്രൊവിന്‍ഷ്യല്‍ ഡയറക്ടറായ അബു മൊഹമ്മദ് അസ്മാവില് പറഞ്ഞു. ക്രൈസ്തവരും മുസ്ലീങ്ങളും തമ്മില്‍ ശക്തമായ ബന്ധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന തോന്നല്‍ ഉളവാക്കുന്നതായിരുന്നു മനുഷ്യ വേലിയെന്നാണ് ഇന്റര്‍ ഫെയിത്ത് കൗണ്‍സില്‍ ഓഫ് ലീഡേഴ്സിന്റെ പ്രൊവിന്‍ഷ്യല്‍ കോ-ഓര്‍ഡിനേറ്ററായ യാപ് സനോരിയയുടെ പ്രതികരണം.
Source: www.pravachakasabdam.com