ഫ്രാൻസിസ് മാർപാപ്പ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട സന്ദർശിക്കുമെന്നു വത്തിക്കാന്‍ സ്ഥിരീകരിച്ചതായി ഉഗാണ്ടയുടെ കേന്ദ്ര മന്ത്രി. ആഫ്രിക്ക, മഡഗാസ്ക്കർ എപ്പിസ്കോപ്പൽ കോൺഫറൻസിനോടനുബന്ധിച്ച് ജൂലൈയിൽ നടക്കുന്ന ആഫ്രിക്കൻ മെത്രാൻ സമിതിയുടെ സമ്മേളനത്തിൽ മാർപാപ്പ പങ്കെടുക്കുമെന്ന് ഉഗാണ്ടയിലെ മന്ത്രിയായ മിസ് ബെറ്റി അമോങ്ങ്ഗിയാണ് വെളിപ്പെടുത്തിയത്.
മാർപ്പാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് നമുഗോങ്ങു കത്തോലിക്ക രക്തസാക്ഷികളുടെ ദേവാലയം പുനരുദ്ധരിക്കാൻ ഫണ്ട് അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച ലിറ രൂപതയുടെ മെത്രാനായി മോണ്‍. സാങ്ങ്സ്റ്റ് ലിംനോസ് വാനോക്കിനെ അഭിഷേകം ചെയ്ത വേളയിലാണ് മന്ത്രി മാർപാപ്പയുടെ സന്ദർശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ആഫ്രിക്കൻ കത്തോലിക്ക മെത്രാൻ സമിതിയാണ് മാർപാപ്പയെ ഉഗാണ്ടയിലേക്ക് ക്ഷണിച്ചത്. നേരത്തെ 2015 നവംബറിൽ ഫ്രാൻസിസ് പാപ്പ ഉഗാണ്ട സന്ദർശിച്ചിരുന്നു. യുവാക്കളിൽ സന്മാർഗ്ഗങ്ങൾ നിക്ഷേപിക്കുക വഴി പൗരബോധമുള്ള യുവാക്കളെ വാർത്തെടുക്കുവാൻ പ്രസിഡന്റ് യോവരി മുസേവനി സഭയോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന മനുഷ്യക്കുരുതിയ്ക്കും മന്ത്രവാദങ്ങൾക്കുമെതിരെ സഭ ജനങ്ങളെ ബോധവത്കരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Source: www.pravachakasabdam.com