കേന്ദ്രസർക്കാരിന്റെ ബാലനീതി നിയമം കേരളത്തിൽ നടപ്പിലാക്കുന്നതിലൂടെ അനാഥക്കുട്ടികൾക്ക് ആശ്രയം നഷ്ടമാക്കുന്ന അവസ്ഥയ്ക്കെതിരേ പ്രതിഷേധവുമായി കത്തോലിക്ക കോണ്ഗ്രസ്. ബാലനീതി നിയമത്തിന്റെ മറവിൽ ശിശുബാലസംരക്ഷണ മന്ദിരങ്ങൾ അടച്ചു പൂട്ടൽ ഭീഷണി നേരിടുന്പോൾ സർക്കാരിന്റെ നിസംഗ നിലപാട് അംഗീകരിക്കാനാവില്ല. സമൂഹനന്മയെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം നിരുത്സാഹപ്പെടുത്തുന്ന രീതിയിലുള്ള നിലപാടുകളിൽനിന്നു സർക്കാർ പിന്മാറണം. ബാലനീതി നിയമം കേരളത്തിൽ നടപ്പിലാക്കുന്പോൾ സ്ഥാപനങ്ങൾക്കു ദോഷമില്ലാത്ത രീതിയിൽ വ്യവസ്ഥകൾ മാറ്റുമെന്ന സർക്കാരിന്റെ ഉറപ്പു പാലിക്കണം. സ്ഥാപനങ്ങൾ അടച്ചുപൂട്ടി പാവപ്പെട്ടവരും നിരാലംബരുമായ കുട്ടികളെ തെരുവിലേക്ക് ഇറക്കിവിടുന്ന അവസ്ഥ ഉണ്ടാകരുതെന്നും സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കണമെന്നും കത്തോലിക്ക കോണ്ഗ്രസ് ആവശ്യപ്പെട്ടു.
ബാലസംരക്ഷണ മന്ദിരങ്ങൾ സുഗമമായി പ്രവർത്തിക്കുന്നതിനുള്ള അവസരം സർക്കാർ ഉറപ്പുവരുത്തുന്നതിനൊപ്പം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉദ്യോഗസ്ഥരുടെ അനാവശ്യമായ ഇടപെടലുകൾ ഒഴിവാക്കുകയും ചെയ്യണം. ശിശു-ബാല മന്ദിരങ്ങളിൽ ആവശ്യത്തിനു ജീവനക്കാരെയും വാഗ്ദാനം ചെയ്തിരിക്കുന്ന ഗ്രാന്റും ഫണ്ടും നൽകണം. സ്ഥാപനങ്ങൾക്ക് അധികാരമുള്ള മാനേജിംഗ് കമ്മിറ്റികൾ രൂപീകരിക്കുകയും വേണം. കൊച്ചിയിൽ ചേർന്ന നേതൃയോഗത്തിൽ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, ട്രഷറർ പി.ജെ. പാപ്പച്ചൻ, ഭാരവാഹികളായ ജോയി മുപ്രപ്പള്ളി, ജോസ് മേനാച്ചേരി, സെലിൻ സിജോ, സാജു അലക്സ്, കെ.ജെ. ആന്റണി, ജാൻസൻ ജോസഫ്, ബെന്നി ആന്റണി, തോമസ് പീടികയിൽ, ജോർജ് കോയിക്കൽ, ഡോ.ജോസ്കുട്ടി ഒഴുകയിൽ, ആന്റണി എൽ. തൊമ്മാന, മോഹൻ ഐസക്, പീറ്റർ ഞരളക്കാട്ട്, തൊമ്മി പിടിയത്ത്, ഫീസ്റ്റി മാമ്പിള്ളി, ബിറ്റി നെടുനിലം എന്നിവർ പ്രസംഗിച്ചു.
Source: www.deepika.com