കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ബിഷപ്പ് ഡോ. ജെറോം ഫെര്‍ണാണ്ടസിനെ ദൈവദാസനായി പ്രഖ്യാപിച്ചു. കൊല്ലം തങ്കശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ ദേവാലയത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന കൃതജ്ഞതാബലിയിലാണ് അദ്ദേഹത്തെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തിയത്. നൂറുകണക്കിന് ആളുകള്‍ തിങ്ങി നിറഞ്ഞ ദേവാലയത്തില്‍ മാലാഖ വേഷത്തിലെത്തിയ ബാലികമാരാണ് ബിഷപ്പ് ജെറോമിനെ ദൈവദാസനാക്കിക്കൊണ്ടുള്ള റോമില്‍ നിന്നുള്ള ഔദ്യോഗിക രേഖ കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരിക്കു കൈമാറിയത്.

രേഖ ഏറ്റുവാങ്ങിയ ബിഷപ്പ് ദൈവദാസ പ്രഖ്യാപനം നടത്തി. തുടര്‍ന്ന് കത്തീഡ്രലില്‍ സ്ഥാപിച്ചിരുന്ന ബിഷപ് ജെറോമിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. കൊല്ലം രൂപത മുന്‍ മെത്രാന്‍ ബിഷപ്പ് സ്റ്റാന്‍ലി റോമന്‍ ആമുഖ പ്രഭാഷണം നടത്തി. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വചനപ്രഘോഷണം നടത്തി. ബിഷപ്പ് ജെറോം വിശ്വാസിസമൂഹത്തിനു നല്‍കിയത് സ്‌നേഹത്തില്‍ അടിത്തറ പാകിയ വചനങ്ങളായിരുന്നുവെന്നും മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

കൊല്ലം രൂപത മുന്‍ ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍, നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവല്‍, ആലപ്പുഴ ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവരും സഹകാര്‍മികത്വം വഹിച്ചു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായ്ക്കു വേണ്ടി മോണ്‍. മാത്യു മനക്കരക്കാവില്‍ കോര്‍ എപ്പിസ്‌കോപ്പ, സിഎസ്‌ഐ കൊട്ടാരക്കരകൊല്ലം ബിഷപ് റവ.ഉമ്മന്‍ ജോര്‍ജ് എന്നിവരും പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ പങ്കെടുത്തു.

Source: www.pravachaksabdam.com

LEAVE A REPLY

Please enter your comment!
Please enter your name here