കൂദാശ ചെയ്യപ്പെടുന്ന ദേവാലയം പ്രത്യേകം അതിരുതിരിച്ച പരിപാവന ഇടമാണെന്നു കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ. പുതുതായി നിർമിച്ച കുമളി സെന്റ് തോമസ് ഫൊറോന ദേവാലയ കൂദാശ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മാർ അറയ്ക്കൽ. ദേവാലയം പവിത്രമാണ്.
അർഹതയില്ലാതെ ദേവാലയത്തിൽ കടന്നുചെല്ലുന്നതു പാപമാണ്. കുർബാന സ്വീകരിക്കുന്പോൾ നാമോരോരുത്തരും പവിത്രീകരിക്കപ്പെടുകയാണ്. ദേവാലയം കുടുംബങ്ങളെ വിശുദ്ധീകരിക്കുന്നു. ദേവാലയങ്ങൾ തലമുറകൾക്കായി കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
മനുഷ്യൻ ദൈവവുമായി ബന്ധപ്പെടുന്ന ഇടമാണ് ദേവാലയം. ഇവിടെ മനുഷ്യരെല്ലാവരും സമന്മാരാണ്. സ്വർഗീയ അനുഭവം ലഭിക്കുന്ന, ഒന്നിച്ചുകൂടി ദൈവത്തെ ആരാധിക്കുന്ന ഇടമാണ് ദേവാലയമെന്നും ഓസ്ട്രിയ ഐസൻസ്റ്റാറ്റ് രൂപത ബിഷപ് ഡോ. എജിഡിയൂസ് ജൊഹൻ സിഫ് കോവിച്ച് പറഞ്ഞു. യൂറോപ്പിൽനിന്നു കൊണ്ടുവന്ന കാസയും പീലാസയും ഓസ്ട്രിയൻ ബിഷപ് പള്ളിവികാരി റവ.ഡോ. തോമസ് വയലുങ്കലിനു കൈമാറി.
Source: www.deepika.com