വിശ്വാസങ്ങളെ രാഷ്ട്രീയവത്കരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ മതേതരത്വവും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുകയും സമൂഹത്തിന്റെ സമാധാനപൂർണമായ സഹവർത്തിത്വത്തെ സാധ്യമാക്കുകയും ചെയ്യുന്ന നിലപാടു സ്വീകരിക്കണമെന്ന് ഇന്റർ ചർച്ച് കൗണ്‍സിൽ ആവശ്യപ്പെട്ടു.
സഭൈക്യ പ്രാർഥനാവാരത്തിന്റെ സമാപന ദിനത്തിൽ മാർത്തോമ്മാ സഭാ ആസ്ഥാനമായ തിരുവല്ല പൂലാത്തീനിൽ നടന്ന, കേരളത്തിലെ സഭകളിലെ മേലധ്യക്ഷന്മാർ പങ്കെടുത്ത ഇന്റർ ചർച്ച് കൗണ്‍സിൽ സമ്മേളനത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷതവഹിച്ചു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യപ്രഭാഷണം നടത്തി. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലിത്ത സന്ദേശം നൽകി.
പ്രളയക്കെടുതിയിൽ സാഹോദര്യത്തിൽ ഉറച്ചു ക്രിയാത്മകമായി പ്രതികരിച്ച കേരള ജനതയെ ഇന്റർചർച്ച് കൗൺസിൽ അഭിനന്ദിച്ചു. മത്സ്യത്തൊഴിലാളികളുടെ ത്യാഗനിർഭരമായ ഇടപെടലുകളും ആരാധനാലയങ്ങൾ ഉൾപ്പെടെ ദുരിതാശ്വാസത്തിനുവേണ്ടി തുറന്നുകൊടുത്ത പ്രവർത്തനങ്ങളും സർക്കാരിന്റെ നേതൃത്വവും പുതിയൊരു മാനവികതയെ രൂപപ്പെടുത്തിയെന്നു യോഗം വിലയിരുത്തി. പരിസ്ഥിതിസംരക്ഷിച്ചും അണക്കെട്ടുകളുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കിയും പുനരധിവാസം വേഗത്തിലാക്കിയും സാഹചര്യത്തെ നേരിടണമെന്നു സമിതി അഭിപ്രായപ്പെട്ടു. ദളിത് വിഭാഗത്തിലുള്ള ജനങ്ങൾക്ക് സംവരണം നൽകുകയും അവർ ക്രൈസ്തവരാണെന്ന കാരണത്താൽ അവകാശങ്ങൾ നിഷേധിക്കുന്നതു ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്നും സമിതി വിലയിരുത്തി. ഒരുമിച്ചുള്ള പ്രക്ഷോഭത്തിനു കേരളത്തിലെ ക്രൈസ്തവസഭകളെ കൗണ്‍സിൽ ആഹ്വാനം ചെയ്തു. ന്യൂനപക്ഷാവകാശങ്ങൾ ലംഘിച്ചുകൊണ്ടു സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന കടന്നുകയറ്റങ്ങളെ സംയുക്തമായി നേരിടുമെന്നു സമിതി മുന്നറിയിപ്പു നൽകി.
Source: www.deepika.com