ഹോളി ഫാമിലി സന്യാസിനീസമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയിലുള്ള അദ്ഭുത രോഗശാന്തി കർദിനാൾമാരുടെ തിരുസംഘം സ്ഥിരീകരിച്ചു. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ ഒരു സുപ്രധാന ഘട്ടമാണിത്.
അദ്ഭുത രോഗശാന്തി കഴിഞ്ഞവർഷം ഒക്ടോബറിൽ ദൈവശാസ്ത്രജ്ഞരുടെ സമിതി സ്ഥിരീകരിച്ചിരുന്നു. അതിനുമുമ്പ് മാർച്ചിൽ എല്ലാ മെഡിക്കൽ രേഖകളും റിപ്പോർട്ടുകളും പരിശോധിച്ച് വിദഗ്ധ മെഡിക്കൽ സംഘം അദ്ഭുത രോഗശാന്തി സ്ഥിരീകരിച്ചിരുന്നു. അദ്ഭുത രോഗശാന്തി സംബന്ധിച്ച രേഖകൾ അടങ്ങുന്ന ‘പൊസിസിയോ’വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ നാമകരണ നടപടികൾക്കായുള്ള കർദിനാൾമാരുടെ സമിതി പഠിച്ചു വിലയിരുത്തിയാണ് സ്ഥിരീകരണം നൽകിയത്. ഇതോടെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയിൽ തൃശൂർ പെരിഞ്ചേരിയിൽ ക്രിസ്റ്റഫർ എന്ന കുഞ്ഞിന് ലഭിച്ച അദ്ഭുത രോഗശാന്തി സംബന്ധിച്ച എല്ലാ പഠനങ്ങളും പൂർത്തിയായതായി നാമകരണ നടപടികൾക്കു നേതൃത്വം നൽകുന്ന പോസ്റ്റുലേറ്റർ റവ.ഡോ. ബെനഡിക്ട് വടക്കേക്കര ഒഎഫ്എം ക്യാപ്, ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ സിസ്റ്റർ ഉദയ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ ഡോ. റോസ്മിൻ മാത്യു എന്നിവർ അറിയിച്ചു.
1926 ജൂണ്‍ എട്ടിനാണു മദർ മറിയം ത്രേസ്യയുടെ മരണം. 2000 ഏപ്രിൽ ഒമ്പതിന് വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി.
Source: www.deepika.com