മാർപാപ്പായോടൊപ്പം വിശുദ്ധ കുർബാന അർപ്പിക്കാൻ കുട്ടനാട്ടുകാരനായ വൈദികനും. മൂന്നു മുതൽ അഞ്ചുവരെ ഫ്രാൻസിസ് മാർപാപ്പ യുണൈറ്റഡ് അറബ് എമറേറ്റ്സിൽ (യുഎഇ) നടത്തുന്ന സന്ദർശന വേളയിലാണ് ഫാ.ജോബി കരിക്കംപള്ളിൽ ഒഎഫ്എം കപ്പുച്ചിൻ മാർപാപ്പായൊടൊപ്പം വിശുദ്ധ കുർബാന അർപ്പിക്കുന്നത്. അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ അസിസ്റ്റന്റ് വികാരിയാണ് ഫാ. ജോബി. കഴിഞ്ഞ ഒക്ടോബറിലാണ് അദ്ദേഹം അബുദാബിയിൽ എത്തിയത്.അതിനു മുന്പ് മസ്കറ്റിലെ സെന്റ് പീറ്റർ ആൻഡ് പോൾ കാത്തോലിക്കാ പള്ളിയിലായിരുന്നു ശുശ്രൂഷ. 2011-ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. ജോബി ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു.
മൂന്നിന് അബുദാബിയിൽ എത്തുന്ന മാർപാപ്പ അഞ്ചിനു ചൊവ്വാഴ്ച യുഎഇ സമയം രാവിലെ 9.15-നു (ഇന്ത്യൻ സമയം രാവിലെ 10.45) കത്തീഡ്രൽ സന്ദർശിക്കും. 10.30-നു സായിദ് സ്പോർട്സ് സിറ്റിയിൽ നടത്തുന്ന വിശുദ്ധ കുർബാനയിലാണ് ഫാ.ജോബി സഹകാർമികനാകുന്നത്. ഉച്ചയ്ക്ക് 12.40-നു അബുദാബി പ്രസിഡൻഷ്യൽ എയർപോർട്ടിൽ നിന്നു മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങും. മാർപാപ്പായൊടൊപ്പം വിശുദ്ധ കുർബാന അർപ്പിക്കാൻ സാധിക്കുന്നത് ദൈവാനുഗ്രഹമാണെന്നു ഫാ. ജോബി കരിക്കംപള്ളിൽ പറഞ്ഞു.
യുഎഇ, ഒമാൻ, യെമൻ അടങ്ങുന്ന ദക്ഷിണ അറേബ്യ അപ്പസ്തോലിക് വികാർ ബിഷപ് പോൾ ഹിൻഡർ ഒഎഫ്എം കപ്പുച്ചിൻ ആണ് മാർപാപ്പായുടെ സന്ദർശന പരിപാടികൾ ക്രമീകരിക്കുന്നത്.
Source: www.deepika.com