തീക്ഷ്ണമായ മിഷ്ണറി പ്രവർത്തനത്തിന് ആഹ്വാനം നൽകി ജപ്പാനിലെ ടോക്കിയോ അതിരൂപതയിലെ സന്യസ്തരുടെ പുതുവർഷ അസംബ്ലി. ജനുവരി പന്ത്രണ്ടിനു യോത്സുയ ജില്ലയിലെ വി. ഇഗ്നേഷ്യസ് ദേവാലയത്തിൽ നടന്ന സന്യസ്ഥരുടെ യോഗത്തില്‍ മുന്നൂറിലധികം പേരാണ് പങ്കെടുത്തത്. രാവിലെ നടന്ന കൃതജ്ഞത ബലിയിൽ മോൺ. ടാർസിസിയോ ഇസാവോ കികുച്ചി കാർമ്മികത്വം വഹിച്ചു. യുവജന അപ്പസ്തോലേറ്റും രൂപതയിലെ ഇടയ ദൌത്യവും എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചാണ് അസംബ്ലി നടന്നത്.

കഴിഞ്ഞ ഒക്ടോബറിൽ നടന്ന മെത്രാൻ സമിതിയുടെ സിനഡിന്റെ പ്രസക്ത ഭാഗങ്ങൾ മോൺ. കികുച്ചി സന്യസ്ഥ സമൂഹവുമായി പങ്കുവെച്ചു. യുവജനങ്ങൾ പരസ്പരം ശ്രവിക്കാൻ തയ്യാറാകണമെന്നും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതിനും ദൈവവിളി തിരിച്ചറിയുന്നതിനും പരിശ്രമിക്കണമെന്നും ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളെ ഓര്‍മ്മിപ്പിച്ച് മോൺ. ടാർസിസിയോ പറഞ്ഞു.

മിഷ്ണറി പ്രവർത്തനങ്ങളുടെ വിജയത്തിന് ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും സഹകരിക്കുകയും പ്രാർത്ഥനയിൽ ആഴപ്പെട്ട് പരസ്പരം മനസ്സിലാക്കുകയും ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം നല്‍കി. 1549-ല്‍ പോര്‍ച്ചുഗലില്‍ നിന്നുമെത്തിയ ജസ്യൂട്ട് വൈദികര്‍ നിരവധി ത്യാഗങ്ങള്‍ സഹിച്ചാണ് ജപ്പാനില്‍ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ചത്. ആകെ ജനസംഖ്യയുടെ 0.5% മാത്രമാണ് ജപ്പാനിലെ കത്തോലിക്ക ജനസംഖ്യ.

 

 

Source: www.pravachaksabdam.com