യെമനില്‍ എഡൻ നഗരത്തിലെ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയ ഭവനം ആക്രമിച്ച് നാലു സന്യാസിനികളെ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തിന് മൂന്നു വര്‍ഷം. 2016 മാര്‍ച്ച് 4ാം തിയതിയാണ് ഏഡൻ നഗരത്തിൽ പ്രവർത്തിക്കുന്ന മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയഭവനം ഇസ്ളാമിക തീവ്രവാദികള്‍ ആക്രമിച്ച് നാലു സന്യാസിനികളെയും 12 അന്തേവാസികളെയും ക്രൂരമായി കൊലപ്പെടുത്തിയത്. ആക്രമണത്തെ തുടര്‍ന്നാണ് മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപ്പോയത്.
ആഗോള ക്രൈസ്തവ സമൂഹത്തിന് അതീവ ദുഃഖം നല്‍കിക്കൊണ്ടാണ് ഈ വാര്‍ത്ത പുറത്തുവന്നത്. നിരാലംബരായ അഗതികളെ ശുശ്രൂഷിക്കുവാന്‍ ജീവിതം മാറ്റിയതിന്റെ പേരില്‍ മരണം ഏറ്റുവാങ്ങേണ്ടി വന്ന സന്യസ്ഥരെ കുറിച്ചുള്ള വേദനയും ഫാ. ടോമിന്റെ തിരോധാനവും ലോക ക്രൈസ്തവ സമൂഹത്തെ തന്നെ കണ്ണീരിലാഴ്ത്തി. ശക്തമായ പ്രാര്‍ത്ഥനക്കും വത്തിക്കാന്‍ തലത്തിലുള്ള നയതന്ത്ര സമ്മര്‍ദ്ധത്തെയും തുടര്‍ന്നാണ് ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം 2017 സെപ്റ്റംബര്‍ 12നു ഫാ. ടോം മോചിക്കപ്പെട്ടത്. വയോധികര്‍ക്ക് വേണ്ടി ജീവന്‍ മാറ്റിവെച്ചതിന്റെ പേരില്‍ മരണം വരിക്കേണ്ടി വന്ന മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ ‘രക്തസാക്ഷികള്‍’ എന്ന വിശേഷണം നല്‍കിയിരിന്നു.
Source: www.pravachakasabdam.com