ഭരണഘടനാമൂല്യങ്ങളും ധാർമികതയും മറന്നുകൊണ്ടുള്ള രാഷ്ട്രീയം സമൂഹത്തെ ജീർണിപ്പിക്കുമെന്നു കെസിബിസി സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്. കെസിബിസിയുടെ പാസ്റ്ററൽ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സിലിന്റെ (കെസിസി) പിഒസിയിൽ കൂടിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
രാഷ്ട്രത്തെ ലക്ഷ്യബോധത്തോടെ നയിക്കുന്നതിൽ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനു സുപ്രധാന പങ്കാണുള്ളത്. ഇന്ത്യൻ ഭരണഘടന ലോകരാജ്യങ്ങൾക്കു മാതൃകയായിരിക്കുന്നത്, അത് ഉയർത്തിപ്പിടിക്കുന്ന മാനവികമൂല്യങ്ങളുടെയും നീതീബോധത്തിന്റെയും പേരിലാണ്. രാഷ്ട്രീയ പ്രവർത്തനവും രാഷ്ട്ര നിർമാണപ്രവർത്തനങ്ങളും പ്രസ്തുതമൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ളതാകണം. എല്ലാ പൗരന്മാർക്കും നീതി ലഭിക്കുന്നു എന്നുറപ്പുവരുത്തുന്നതിലാണ് രാഷ്ട്രത്തിന്റെ ഭരണാധികാരികൾ മാതൃകയാകേണ്ടത്. സമഗ്രാധിപത്യ പ്രവണതയും സ്വജനപക്ഷപാതവും അധികാരത്തെ മാത്രമല്ല സമൂഹത്തെയാകെ ദുഷിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചർച്ച് ബിൽ 2019-ഉം കാണാച്ചരടുകളും എന്ന വിഷയത്തിൽ ജസ്റ്റീസ് ഏബ്രഹാം മാത്യുവും സമകാലീന നവോത്ഥാന ചർച്ചകളും ക്രൈസ്തവപ്രതികരണവും എന്ന വിഷയത്തിൽ ഡോ. ഗാസ്പർ സന്യാസിയും ലോക്സഭാ ഇലക്ഷനും സഭയുടെ നിലപാടും എന്ന വിഷയത്തിൽ ജെക്കോബിയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ വർഗീസ് വള്ളിക്കാട്ട് അധ്യക്ഷനായിരുന്നു. കെസിസി സെക്രട്ടറി അഡ്വ. ജോജി ചിറയിൽ, ജോയിന്റ് സെക്രട്ടറി ഷാജി മാത്യു കൂളിയാട്ട് എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ പാസ്റ്ററൽ കൗണ്‍സിൽ ഭാരവാഹികളും വൈദികരുടെയും സന്യാസ്തരുടെയും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു
Source: www.deepika.com