രാഷ്ട്രദീപിക ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടറായി മോൺ. മൈക്കിൾ വെട്ടിക്കാട്ട് ചുമതലയേറ്റു. കോട്ടയം അതിരൂപതയുടെ പ്രൊ-പ്രോട്ടോസിഞ്ചലൂസാണ് അദ്ദേഹം. ആ പദവി തുടർന്നും വഹിക്കും. സീറോ മലബാർ സഭയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ “സ്പന്ദൻ’ ചീഫ് കോ-ഓർഡിനേറ്ററായും കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ ജോയിന്റ് സെക്രട്ടറിയായും സേവനം ചെയ്യുന്നു.
1993ൽ വൈദികപട്ടം സ്വീകരിച്ച മോൺ. മൈക്കിൾ വെട്ടിക്കാട്ട് ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്നും സാമൂഹ്യ പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും വിനായക യൂണിവേഴ്സിറ്റിയിൽനിന്ന് എംഫിലും നേടിയിട്ടുണ്ട്. എൻജിഒ മാനേജ്മെന്റിൽ റിസേർച്ച് നടത്തിവരുന്ന അദ്ദേഹം കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനങ്ങളായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയിൽ മൂന്നു വർഷവും കോട്ടയം അതിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യയിലും കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയിലും പതിനഞ്ച് വർഷക്കാലവും ചുമതല വഹിച്ചു.
കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയെ കേരളത്തിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനയായി വളർത്തിയ അദ്ദേഹത്തിനു കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രത്യേക പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Source: www.deepika.com