ജയിലില്‍ നിന്നും മോചിതയായി രണ്ടര മാസം കഴിഞ്ഞിട്ടും ഇപ്പോഴും തടവുപുള്ളിയെപ്പോലെ ജീവിച്ച് പാക്കിസ്ഥാനിലെ ക്രൈസ്തവ വനിത ആസിയ ബീബി. ആസിയയെ രഹസ്യമായി പാര്‍പ്പിച്ചിരിക്കുന്ന വീടിന്റെ ഒരു ജനല്‍ പോലും തുറക്കുവാന്‍ അവള്‍ക്ക് അനുവാദമില്ലെന്ന് അടുത്ത വൃന്ദങ്ങള്‍ സൂചിപ്പിച്ചതായി ‘ദി പ്രീമിയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭര്‍ത്താവായ ആഷിക് മസ്സിക്കൊപ്പം കനത്ത കാവലിലാണ് ആസിയാ ബീബി ഇപ്പോള്‍ രഹസ്യ കേന്ദ്രത്തില്‍ കഴിയുന്നത്. സുരക്ഷ കാരണങ്ങളാല്‍ കാനഡയിലേക്ക് മാറ്റിയിരിക്കുന്ന കുട്ടികള്‍ക്കൊപ്പം ഒരുമിച്ച് താമസിക്കണമെന്ന് ആസിയ ബീബി വല്ലാതെ ആഗ്രഹിക്കുന്നുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

ഓസ്ട്രേലിയ, കാനഡ, ഇറ്റലി ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ആസിയ ബീബിക്ക് അഭയം നല്‍കുവാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും ജീവന് തന്നെ ഭീഷണിയുള്ള സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ വിടുവാന്‍ കഴിയാതെ തടവിനു സമാനമായ ജീവിതം ജീവിക്കുകയാണ് ആസിയാ ബീബിയും ഭര്‍ത്താവും.

പാക്ക് സുപ്രീം കോടതി കുറ്റവിമുക്തയാക്കി ഉത്തരവിട്ട് ഒരാഴ്ച പിന്നിട്ടിട്ടാണ് ആസിയ ജയില്‍ മോചിതയായത്. ആസിയായെ വധിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ളാമിക സംഘടനകള്‍ തെരുവില്‍ ഇറങ്ങിയതോടെയാണ് മോചനം വൈകിയത്. ഇപ്പോഴും തടവറ തുല്യമായ ജീവിതം നയിക്കുകയാണ് ആസിയയും കുടുംബവും. അതേസമയം ആസിയ ബീബിയെ പാക്കിസ്ഥാനില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

Source: www.pravachaksabdam.com