സർക്കാർ നിയന്ത്രണം മൂലം രഹസ്യമായ കടത്തിലൂടെ ചൈനയിൽ എത്തിച്ച ബൈബിളുകൾ കൈയിൽ കിട്ടിയപ്പോൾ ക്രൈസ്തവ വിശ്വാസികൾ ആനന്ദത്താൽ കരയുകയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ മത പീഡനത്തിനു നടുവിൽ ജീവിക്കുന്ന ചൈനയിലെ ക്രൈസ്തവരുടെ ജീവിത സാഹചര്യങ്ങളെ പറ്റി പീഡിത ക്രൈസ്തവ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ സംഘടനയുടെ അധ്യക്ഷൻ ജെഫ് കിങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചൈനയിൽ ബൈബിൾ കൈയ്യിൽ കിട്ടുമ്പോൾ ആളുകൾ സന്തോഷത്താൽ കരയുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രസ്തുത വീഡിയോ എട്ടു വർഷം മുൻപത്തെ വീഡിയോ ആണെങ്കിലും ചൈനയിലെ ക്രൈസ്തവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് വീഡിയോയിൽ കാണാൻ കഴിയുന്നതെന്ന് ജെഫ് കിങ് അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നു. സർക്കാർ നിയന്ത്രണങ്ങൾ വരുത്തി ദേവാലയങ്ങളെ വീർപ്പുമുട്ടിക്കാൻ ശ്രമിച്ചാലും, ബൈബിൾ ആളുകളിൽ എത്തിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയാലും തങ്ങൾ ആ സ്ഥലത്തേക്ക് ബൈബിൾ അയക്കുമെന്ന് ജെഫ് കിങ് വ്യക്തമാക്കി.
മാവോയ്ക്ക് ശേഷം ഇപ്പോൾ ചൈനയിൽ നടക്കുന്നത് ഏറ്റവും വലിയ അടിച്ചമർത്തൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 10 മുതൽ 25 വർഷം വരെ ജയിലിൽ കിടന്ന ക്രൈസ്തവ നേതാക്കൾ പീഡനത്തെ അനുഗ്രഹം എന്നാണ് വിശേഷിപ്പിക്കുന്നത്. മുൻ ഭരണാധികാരികളെ അപേക്ഷിച്ച് മതസ്വാതന്ത്ര്യം ലോകരാഷ്ട്രങ്ങളിൽ ഉറപ്പുവരുത്തുന്നതിൽ ട്രംപ് ഭരണകൂടത്തിന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിച്ചു എന്നും ജെഫ് കിങ് പറഞ്ഞു. മതസ്വാതന്ത്ര്യത്തിന് കരുത്തുപകരാൻ നാം ശ്രമിക്കണം എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ജെഫ് കിങ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
Source: www.pravachakasabdam.com