സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാൻസലറായി റവ. ഡോ. വിൻസന്റ് ചെറുവത്തൂർ ചുമതലയേറ്റു. റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിലാണു പുതിയ വൈസ് ചാൻസലർ. സഭയുടെ കൂരിയ വൈസ് ചാൻസലറായി സേവനം ചെയ്തുവന്ന റവ. ഡോ. ചെറുവത്തൂർ തൃശൂർ അതിരൂപതയിലെ മച്ചാട് ഇടവകാംഗമാണ്.
ചെറുവത്തൂർ പരേതരായ ആന്റണി മാസ്റ്ററും മേരി ടീച്ചറുമാണു മാതാപിതാക്കൾ. 1991 ൽ പൗരോഹിത്യം സ്വീകരിച്ചു. ബംഗളൂരുവിലെ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റ്, റോമിലെ ഉർബാനിയാന പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു കാനൻനിയമത്തിൽ ഡോക്ടറേറ്റ്, പാസ്റ്ററൽ തിയോളജിയിൽ ലൈസൻഷ്യേറ്റ് എന്നിവ നേടി.
മലയാളത്തിനു പുറമേ, ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിൽ പരിജ്ഞാനം നേടിയിട്ടുള്ള ഫാ. ചെറുവത്തൂർ, ജർമനി, ഇറ്റലി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂരിയ ചാൻസലറായിരുന്ന റവ.ഡോ. ആന്റണി കൊള്ളന്നൂരിന്റെ പ്രവർത്തന കാലാവധി പൂർത്തിയായതിനെത്തുടർന്നാണു റവ.ഡോ. വിൻസന്റ് ചെറുവത്തൂരിന്റെ നിയമനം. താമരശേരി രൂപതയിലെ വാളൂക്ക് ഇടവകാംഗമായ റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, 2000ത്തിൽ പൗരോഹിത്യം സ്വീകരിച്ചു. വിവിധ ഇടവകകളിൽ സഹവികാരിയായും വികാരിയായും സേവനം ചെയ്തു. റോമിലെ പൊന്തിഫിക്കൽ ഹോളിക്രോസ് യൂണിവേഴ്സിറ്റിയിൽനിന്നു ലത്തീൻ കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റ്, പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു പൗരസ്ത്യ കാനൻനിയമത്തിൽ ലൈസൻഷ്യേറ്റ്, ഡോക്ടറേറ്റ് എന്നിവ നേടി. രൂപത വൈദിക സമിതി സെക്രട്ടറി, പിആർഒ, വൈദിക ക്ഷേമകാര്യ സമിതി സെക്രട്ടറി, ഡിഗ്രി വൈദികവിദ്യാർഥികളുടെ ആനിമേറ്റർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുള്ള റവ. ഡോ. കാവിൽപുരയിടത്തിൽ നിലവിൽ സീറോ മലബാർ സഭ പിആർഒ ടീം അംഗവും രൂപത ചാൻസലറുമാണ്.
Source: www.deepika.com