പഴയനിയമത്തിലെ ലോത്തിന്റെ ഭാര്യ ഉപ്പു തൂണായി മാറിയ മൗണ്ട് സോദോമിനോട് ചേര്‍ന്ന് ഭീമാകാരമായ ഗുഹ കണ്ടെത്തി. ഇറാനിലെ നാമക്ഡാൻ ഉപ്പു ഗുഹയെ മറികടക്കുന്ന 6 മൈൽ നീളമുള്ള ഉപ്പു ഗുഹയാണ് കഴിഞ്ഞ ദിവസം പര്യവേക്ഷകർ ഇസ്രായേലിൽ കണ്ടെത്തിയിരിക്കുന്നത്. ഇറാനിലെ ഗുഹയുടെ നീളം നാല് മൈൽ മാത്രമായിരുന്നു. നിലവില്‍ കണ്ടെത്തിയിരിക്കുന്ന ഉപ്പു ഗുഹക്ക് 6 മൈൽ നീളമാണുള്ളത്. എൺപതുകളിൽ ഹീബ്രു യൂണിവേഴ്സിറ്റിയുടെ തുടക്കക്കാരനും അധ്യക്ഷനുമായ ആമോസ് ഫ്രംകിൻ ഗുഹയുടെ അഞ്ചുകിലോമീറ്റർ ഉള്ളിലേക്കുള്ള രൂപരേഖ തയ്യാറാക്കിയിരിന്നു.
ഈ വർഷമാണ് എൺപതോളം ഗുഹാ നിരീക്ഷകർ ചേർന്ന് ഉപ്പു ഗുഹയുടെ നീളം പൂര്‍ണ്ണമായും അളന്ന്, അന്തിമ രൂപരേഖ തയ്യാറാക്കിയത്. വിദഗ്ധ ഗവേഷകരായ ബോവാസ് ലാൻഡ്ഫോർഡും, അന്തോണിയോ വ്ളേയികോവയും പര്യവേക്ഷണത്തിന് നേതൃത്വം നൽകി. ലോകത്തിലുള്ള ഏറ്റവും നീളം കൂടിയ ഉപ്പു ഗുഹയാണ് കണ്ടെത്തിയിരിക്കുന്നതെന്ന്‍ ബോവാസ് ലാൻഡ്ഫോർഡ് പറഞ്ഞു. റേഡിയോ കാർബൺ ഡേറ്റിംഗിൽ ഗുഹക്ക് 7000 വർഷം പഴക്കമുണ്ടെന്നാണ് കണ്ടെത്താൻ സാധിച്ചത്. പഴയ നിയമത്തിലെ സംഭവങ്ങളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്തുവാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
Source: www.pravachakasabdam.com