
രാജ്യത്തും സഭയിലും വ്യാപിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ ധീരതയോടെ പോരാടാന്‍ ആഹ്വാനവുമായി സിബിസിഐ. ദേശീയ കത്തോലിക്ക മെത്രാൻ സമിതിയുടെ സോഷ്യൽ കമ്യൂണിക്കേഷൻ വിഭാഗം വരാണസി രൂപതയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഉയര്‍ന്നത്. സഭാപരമായ വാർത്തകളോട് പ്രതികരിക്കാൻ വൈകുമ്പോഴാണ് വ്യാജവാർത്തകൾ പ്രചരിക്കുന്നതെന്നും ദൈവത്തിനും സഭയ്ക്കും വിധേയരായി വിശ്വാസം പ്രഘോഷിക്കുവാൻ സഭാമക്കൾ തയ്യാറാകണമെന്നും ദേശീയ മെത്രാന്‍ സംഘം സെക്രട്ടറി മോൺ.തിയോഡോർ മസ്കാരൻഹസ് ദിവ്യബലിയിൽ സന്ദേശം നൽകി.
വ്യാജവാർത്തകളുടെ ലോകത്ത് സത്യം പ്രഘോഷിക്കപ്പെടണമെന്ന് രണ്ടാം ദിനം ദിവ്യബലിയ്ക്ക് കാർമ്മികത്വം വഹിച്ച സാമൂഹിക വാർത്താവിനിമയ കാര്യാലയം ചെയർമാനും ബാരുയിപ്പുർ ബിഷപ്പുമായ സൽവാദോർ ലോബോ പറഞ്ഞു. ആഗോള മാധ്യമ ദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ നൽകിയ സത്യം നിങ്ങളെ സ്വതന്ത്രരാക്കുമെന്ന സന്ദേശം അനുസ്മരിച്ചതോടൊപ്പം നല്ല വാർത്തകളുടെ സന്ദേശകരാകാനും ലോകത്തിൽ സത്യത്തിന്റെ വക്താക്കളാകാനും ബിഷപ്പ് ലോബോ ആഹ്വാനം ചെയ്തു.
രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ അജണ്ട പ്രചരിപ്പിക്കുവാന്‍ നിഗൂഢമായ വിധത്തില്‍ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നതായി ഡല്‍ഹിയില്‍ നിന്നുമുള്ള കപ്പൂച്ചിൻ വൈദികന്‍ പ്രതികരിച്ചു. മാർച്ച് പതിനൊന്ന് മുതൽ പതിനഞ്ച് വരെ വാരണാസി നവസാധന പാസ്റ്ററൽ സെന്ററിൽ നടന്ന ചർച്ചയിൽ ബിഷപ്പ് പൂള അന്തോണി, ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്ച്ചേരിൽ അടക്കമുള്ള മെത്രാന്‍മാരും സിബിസിഐ 14 റീജിയണുകളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
Source: www.pravachakasabdam.com