ശാസ്ത്രം വിശ്വാസത്തിന്മേലാണ് പണിതുയർത്തപ്പെടുന്നത്. വിശ്വാസം യുക്തിക്ക് ഉപരിയാണെങ്കിലും ഒരിക്കലും വിശ്വാസവും, യുക്തിയും വിരുദ്ധ ധ്രുവങ്ങളിൽ അല്ലായെന്നാണ് സത്യം. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (159) ഇക്കാര്യം അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അമേരിക്കയിലെ പല പ്രശസ്തമായ കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ശാസ്ത്ര, ഗവേഷണ രംഗങ്ങളിൽ വലിയ പ്രോത്സാഹനമാണ് നൽകുന്നത്. പ്രത്യേകിച്ച് ഈ രംഗത്ത് പേരെടുത്ത വിദ്യാഭ്യാസ സ്ഥാപനമാണ് കാൻസാസ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ബെനഡിക്ടൻ കോളേജ്.
ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനിയറിങ്, ഗണിത ശാസ്ത്രം (സ്റ്റെം) തുടങ്ങിയ വിഷയങ്ങൾ ഒരൊറ്റ കോഴ്സായി പഠിപ്പിക്കുന്നതിൽ ശ്രദ്ധേയമായ ഇടപെടലാണ് കോളേജ് നടത്തിക്കൊണ്ടിരിക്കുന്നത്. പഠനങ്ങൾ വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധത്തിന്റെ സ്വാഭാവികമായ പരിണിത ഫലമാണെന്ന സഭാ പഠനം പ്രതിഫലിപ്പിക്കുന്നതാണ് കോളേജ്. തങ്ങൾ ക്രിസ്തുവിലുള്ള വിശ്വാസത്തിനും, യുക്തിക്കും ഒരേപോലെ പ്രാധാന്യം നൽകുന്നുവെന്ന് ബനഡിക്ടൻ സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ അധ്യക്ഷ പദവി വഹിക്കുന്ന ഡോക്ടർ ഡാരിൻ മുഗ്ളി പറയുന്നു.
ഈ കോഴ്സിലേക്ക് മാത്രമായി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 15 അധ്യാപകരെയാണ് കോളേജ് നിയമിച്ചത്. മറ്റ് കോഴ്സുകളെക്കാൾ കൂടുതലായി സ്റ്റെം പഠനത്തിനായി കൂടുതൽ തുക കോളേജ് ബഡ്ജറ്റിൽ നീക്കിവെക്കുന്നുണ്ട്. ഹൂസ്റ്റണിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു കത്തോലിക്ക സ്ഥാപനമായ യൂണിവേഴ്സിറ്റി ഓഫ് സെന്റ് തോമസും സ്റ്റെം പഠനത്തിന് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. തങ്ങളുടെ വിശ്വാസത്തിന്റെ പൈതൃക സമ്പത്തിന്റെ ഒരു ഭാഗം എക്കാലവും ശാസ്ത്രം ആയിരുന്നുവെന്ന് യൂണിവേഴ്സിറ്റിയുടെ അധ്യക്ഷൻ റിച്ചാർഡ് ലുഡ്‌വിഗ് പറഞ്ഞു. പാശ്ചാത്യ ലോകം കണ്ട ശാസ്ത്രജ്ഞന്മാരിൽ എല്ലാവരും തന്നെ ദൈവ വിശ്വാസം ഉള്ളവരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source: www.pravachakasabdam.com