സന്യസ്തരെ സംബന്ധിച്ച ലത്തീന്‍ സഭയുടെ കാനന്‍ നിയമവ്യവസ്ഥകള്‍ പരിഷ്‌കരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ മോത്തു പ്രോപ്രി യോ പുറത്തിറക്കി. ലത്തീന്‍ കാനന്‍ നിയമം 694ാം വകുപ്പില്‍ മാറ്റം വരുത്തിക്കൊണ്ട് ‘കമ്യൂണിസ് വീത്ത (കൂട്ടായ ജീവിതം)’ എന്ന പേരിലുള്ള ലേഖനം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരസ്യപ്പെടുത്തിയത്. കാനന്‍ നിയമം 694ാം വകുപ്പ് പ്രകാരം സന്യസ്തര്‍ സന്യാസസഭയില്‍നിന്ന് പുറത്താക്കപ്പെടുന്ന രണ്ടു സാഹചര്യങ്ങളാണ് സൂചിപ്പിച്ചിരിന്നത്.
ആദ്യത്തേത് കത്തോലിക്കാ വിശ്വാസം പരിത്യജിക്കുകയെന്നതും രണ്ടാമത്തേത് വിവാഹം കഴിക്കുകയോ വിവാഹത്തിനു ശ്രമിക്കുകയോ ചെയ്യുകയെന്നതുമായിരിന്നു. ഇതിനോട് കമ്യൂണിസ് വീത്തയിലൂടെ മൂന്നാമത് ഒരു സാഹചര്യം കൂടി പാപ്പ കൂട്ടിച്ചേര്‍ക്കുകയായിരിന്നു. നിയമവിരുദ്ധമായി തുടര്‍ച്ചയായി പന്ത്രണ്ടു മാസം സന്യാസഭവനത്തില്‍ ഇല്ലാതിരിക്കുകയും മേലധികാരികള്‍ക്കു ബന്ധപ്പെടാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ അവര്‍ സഭയില്‍നിന്ന് പുറത്തായതായി പ്രഖ്യാപിക്കാം എന്നാണു പുതിയ വ്യവസ്ഥ. വിട്ടുപോയവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ എന്തുചെയ്യണമെന്ന കാര്യത്തിലെ അവ്യക്തത മാറ്റുന്നതാണ് പുതിയ അപ്പസ്‌തോലിക ലേഖനം.
പുറത്താക്കലിനു സഭാചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. പൊന്തിഫിക്കല്‍ സഭകള്‍ക്കു മാര്‍പാപ്പയില്‍നിന്നും രൂപതാസഭകള്‍ക്ക് ബന്ധപ്പെട്ട മെത്രാനില്‍നിന്നും പുറത്താക്കലിന് അംഗീകാരം നേടണം. അനധികൃതമായി സന്യാസഭവനം വിട്ടുപോകുന്നവര്‍ക്കെതിരേ ആറുമാസം കഴിയുന്‌പോള്‍ നടപടികള്‍ തുടങ്ങാന്‍ നിയമത്തില്‍ നിലവില്‍ വ്യവസ്ഥയുണ്ട്. സന്യാസഭവനം വിട്ടുപോയവരെ ബന്ധപ്പെട്ടു തിരിച്ചുവരാനും സന്യാസം തുടരാനും പ്രേരിപ്പിക്കാന്‍ മേലധികാരികള്‍ക്കു ബാധ്യത ഉണ്ടെന്നു നിയമം വ്യക്തമാക്കുന്നുണ്ട്. ലത്തീന്‍ റീത്തിലെ സഭകള്‍ക്കു ബാധകമായ കാനന്‍ നിയമ വ്യവസ്ഥയിലെ ഈ മാറ്റത്തിന്റെ ചുവടുപിടിച്ചു പൗരസ്ത്യ കാനന്‍ നിയമത്തിലും ക്രമേണ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. പുതിയ നിയമ വ്യവസ്ഥ ഏപ്രില്‍ പത്തിനു പ്രാബല്യത്തില്‍ വരും.
Source: www.pravachakasabdam.com