കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ യോഗം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
കുടുംബങ്ങൾക്കും അല്മായർക്കുമുള്ള പ്രവർത്തനങ്ങളിൽ കരുതലുള്ള ശുശ്രൂഷയാണു സഭ പകർന്നു നൽകേണ്ടതെന്നു യോഗം അഭിപ്രായപ്പെട്ടു. സഭയുടെ അടിസ്ഥാന ഘടകം കുടുംബമാണ്. അജപാലനപരമായ കരുതലോടെയാണു സഭ കുടുംബങ്ങളെ അനുധാവനം ചെയ്യേണ്ടത്. ആത്മഹത്യയോളമെത്തിയ കർഷകരുടെ വൈഷമ്യങ്ങൾ കണ്ടില്ലെന്നു നടിക്കാൻ നമുക്കാവില്ല.
സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവരിലേക്കു സഭാപ്രവർത്തനം വ്യാപിപ്പിക്കണം. പാവപ്പെട്ടവർക്കും പുറന്തള്ളപ്പെട്ടവർക്കും കിടപ്പാടമില്ലാത്തവർക്കും സഭയിൽ വേദിയുണ്ടാവണം. ഭിന്നശേഷി സൗഹൃദസഭയായി സീറോ മലബാർ സഭ വളർന്നുവരേണ്ടതുണ്ട്. പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ ബധിരരുടെയും മൂകരുടെയും അന്ധരുടെയും കൂട്ടായ്മകൾ രൂപീകരിച്ചുവരുന്നുണ്ട്.
കമ്മീഷൻ അംഗങ്ങളായ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് മാർ ജോസ് പുളിക്കൽ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ സന്ദേശം നൽകി.
Source: www.deepika.com