ചർച്ച് ബിൽ 2019 കേരള നിയമ പരിഷ്കരണ കമ്മീഷൻ തയാറാക്കി പ്രസിദ്ധീകരിച്ചതു മുതൽ ഇതിനെതിരെ ശക്തമായ സമരം ഏറ്റെടുക്കുകയും ഇതര അല്മായ സംഘടനകളെ ഏകോപിപ്പിച്ചു ചടുലമായ നീക്കങ്ങളിലൂടെയും പ്രതിഷേധം വ്യാപകമാക്കി സൈന്യം പോലെ നിലകൊണ്ട കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വത്തെ അഭിനന്ദിക്കുന്നു – കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റും താമരശേരി രൂപതാധ്യക്ഷനുമാ യ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
ഈ ബില്ലിനു മുന്നിൽ നാം മുഖം തിരിച്ചോ മൗനം പാലിച്ചോ നിന്നാൽ ഒട്ടകത്തിന് ഇടംകൊടുത്ത പോലെയാകും. മാർച്ച് മൂന്നിനു കരിദിനം ആചരിച്ചും ഏഴിനു സമരപ്രഖ്യാപനം നടത്തിയും സഭാസ്നേഹികളുടെയും വിശ്വാസികളുടെയും ഉത്കണ്ഠ സർക്കാരിനെ ബോധ്യപ്പെടുത്താൻ ഒറ്റക്കെട്ടായി നിലകൊണ്ട കത്തോലിക്കാ കോണ്‍ഗ്രസിനു കഴിഞ്ഞു. എല്ലാ രൂപതയും ഉണർന്നു പ്രവർത്തിച്ചതിനാലാണ് ഈ നേട്ടം കൈവരിക്കാനായത്. സഭയ്ക്കെതിരേ നീങ്ങുന്ന അന്ധകാരശക്തികളെ ഭയപ്പെടുന്നില്ല. ദൈവിക നീതിയുടെ പക്ഷത്തു നിലകൊള്ളുന്ന സമുദായം ആർക്കും മുന്നിൽ മുട്ടുമടക്കില്ല.
സഭയുടെ അടിത്തറയും ഐക്യവും തർക്കാൻ നീക്കം നടത്തുന്ന ബ്രൂട്ടസ്മാരെ തിരിച്ചറിയണം. വരാനിരിക്കുന്ന അപകട സാഹചര്യങ്ങൾക്കെതിരേ കണ്ണിൽ എണ്ണയൊഴിച്ചു കരുതലോടെയിരിക്കണം. സഭാ വിരുദ്ധരെയും ഒറ്റപ്പെട്ട വിമർശകരെയും സമിതികളിൽ നിയോഗിച്ച് അതിവിപുലമായ സഭാ സംവിധാനത്തിനും വിലങ്ങിടാനും ദുർബലപ്പെടുത്താനുമുള്ള തന്ത്രം സർക്കാരിൽനിന്നു മുൻപുമുണ്ടായിട്ടുണ്ട്. അന്ധകാരശക്തികൾക്കും ദുഷ്ടസൈന്യങ്ങൾക്കുമെതിരേ പോരാടാനുള്ള ധീരതയും ആത്മാർഥതയും കൈവിടരുതെന്നും മാർ റെമിജിയൂസ് ഉദ്ബോധിപ്പിച്ചു.
Source: www.deepika.com