ആള്‍ക്കൂട്ട ആക്രമണങ്ങള്‍ രാജ്യത്തെ സര്‍ക്കാരിന്റെ വിശ്വാസ്യതയില്‍ കോട്ടം വരുത്തിയെന്നും ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന തോന്നല്‍ വളര്‍ത്തിയെന്നും ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി നേതൃത്വം. ബിജെപിയുടെ പ്രകടനപത്രികയായ സങ്കല്‍പ പത്രികയില്‍ ചേര്‍ക്കേണ്ട വിഷയങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ഡല്‍ഹിയിലെ അംബേദ്കര്‍ സെന്ററില്‍ വിളിച്ച യോഗത്തിലാണു കത്തോലിക്ക സഭ ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയത എല്ലാ ഇന്ത്യക്കാരുടെയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. ഇതിനു ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ല. ആരും ഇതേക്കുറിച്ചു സംശയിക്കുകയോ, സംശയങ്ങളുടെ അടിസ്ഥാനത്തില്‍ ആരെയും ഒറ്റപ്പെടുത്തുകയോ ചെയ്യരുത്. ആരും അവന്റെ ദേശീയത തെളിയിക്കേണ്ടതില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യം, വികസനം, പുരോഗതി, ക്ഷേമം തുടങ്ങിയവയിലേക്ക് ക്രൈസ്തവര്‍ അടക്കമുള്ള എല്ലാവരും സംഭാവനകള്‍ ചെയ്തിട്ടുണ്ട്.
ക്രിസ്മസ് ദിനം 2014ല്‍ ഗുഡ് ഗവേണന്‍സ് ഡേ ആക്കിയ മോദി സര്‍ക്കാരിന്റെ നടപടി ക്രൈസ്തവര്‍ക്കു വേദന സമ്മാനിച്ചു. എല്ലാ മതങ്ങളെയും അവരുടെ വിശുദ്ധ ദിനങ്ങള്‍ ആചരിക്കുന്നതിനെയും സര്‍ക്കാരും മറ്റുള്ളവരും ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും പരസ്പരം പങ്കാളികളികളാകുകയും ചെയ്യണം. ക്രൈസ്തവരുടെ വൈദഗ്ധ്യവും പരിചയസന്പത്തും കണക്കിലെടുത്ത് അക്രഡിറ്റേഷന്‍ കമ്മിറ്റികളിലും സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലും ഉള്‍പ്പെടുത്തണം.
മൂന്നു വര്‍ഷമായി ചെയര്‍മാനും ക്രൈസ്തവ അംഗവുമില്ലാതെ കിടക്കുന്ന ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ എത്രയും വേഗം സജീവമാക്കുകയും ദേശീയ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകള്‍ക്ക് ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ സഹായം നല്‍കുകയും ചെയ്യണം. രാജ്യത്തിന്റെ മതേതര, ജനാധിപത്യ തത്വങ്ങളും ഭരണഘടനാ മൂല്യങ്ങളും റിപ്പബ്ലിക് സ്വഭാവവും പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങളും നിലനിര്‍ത്തണം. ഭരണഘടനയിലെ അടിസ്ഥാന തത്ത്വമായ ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും സിബിസിഐ ചൂണ്ടിക്കാട്ടി.
Source: www.pravachakasabdam.com