ഏതൊരു സമൂഹത്തിനും അതിന്റേതായ വ്യക്തിത്വത്തിൽ തുടരാനായി വ്യവസ്ഥാപിതമായ നിയമങ്ങളും ചട്ടങ്ങളും അനിവാര്യമാണെന്നു കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം. സീറോ മലബാർ സഭയ്ക്കും സമുദായത്തിനും സുസ്ഥിരമായി മുന്നോട്ടു പോകാൻ പൊതുവായ നിയമങ്ങൾ പാലിക്കപ്പെടേണ്ടതുണ്ട്. ഏതാനും പേർ ഈ സംവിധാനത്തെ മോശമാക്കാൻ ശ്രമിക്കുന്പോൾ സമുദായത്തിന്റെ പൊതുനന്മയെ മുൻനിർത്തി നിയമ നടപടി സ്വീകരിക്കുക എന്നത് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. സഭാ സിനഡിന്റെ സർക്കുലറിൽ പൊതുനന്മയ്ക്കായി എല്ലാവരും സഹകരിക്കണമെന്ന അഭ്യർഥനയാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്.
സർക്കുലർ വ്യക്തമാക്കും വിധം കർക്കശമായ സമീപനം സഭയിൽ അടിയന്തരമായി നടപ്പാക്കണം. സിനഡ് പുതിയ നിയമങ്ങൾ ഉണ്ടാക്കുകയല്ല ചെയ്തത്. സഭയുടെ നിയമങ്ങൾ ലംഘിക്കുകയും സഭയെയും സമുദായത്തെയും പൊതുസമൂഹത്തിൽ ഇകഴ്ത്തി കാണിക്കുകയും ചെയ്യുന്നവരെ നിയമങ്ങളെക്കുറിച്ച് ഒാർമപ്പെടുത്തുകയാണു ചെയ്തത്. തിരിച്ചുവരാൻ വീണ്ടും വീണ്ടുമുള്ള സഭയുടെ ആഹ്വാനം കാരുണ്യത്തിന്റെ മുഖമാണ് അല്ലെങ്കിൽ ഉപേക്ഷിച്ചുകളയാനുള്ള വൈമനസ്യമാണ് പ്രകടമാക്കുന്നതെന്നും ബിജു പറഞ്ഞു.
സീറോ മലബാർ സഭാ സിനഡിൽ സഭൈക്യത്തെ സംബന്ധിച്ച സുപ്രധാനമായ തീരുമാനങ്ങളും സഭാത്മക ജീവിതത്തിന് അനുയോജ്യമായ തീരുമാനങ്ങളും ഏറെ പ്രതീക്ഷ നൽകുന്നതാണെന്നു കേരള കാത്തലിക് കൗൺസിൽ സെക്രട്ടറി അഡ്വ.ജോജി ചിറയിൽ. സഭയുടെ കെട്ടുറപ്പ് വർധിപ്പിക്കാനും പ്രേഷിത തീഷ്ണതയോടെ പ്രവർത്തിക്കാനും സിനഡിന്റെ തീരുമാനങ്ങളും മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുറപ്പെടുവിച്ച സർക്കുലറും സഹായിക്കും.
Source: www.deepika.com