കൊച്ചി: സീറോ മലബാർ സഭയുടെ സ്ഥിരം സിനഡിൽ കാലാവധി പൂർത്തിയാക്കിയ അംഗങ്ങൾക്കു പകരമായി ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട്, മാർ ജോർജ് ഞരളക്കാട്ട് എന്നിവരെ സിനഡ് തെരഞ്ഞെടുത്തു. ബിഷപ് മാർ ജേക്കബ് മനത്തോടത്തിനെ സ്ഥിരം സിനഡിലെ നാലാമത്തെ അംഗമായി മേജർ ആർച്ച്ബിഷപ് നോമിനേറ്റു ചെയ്തു.
മംഗലപ്പുഴ സെമിനാരി കമ്മീഷൻ ചെയർമാനായി ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിനെ സിനഡ് തെരഞ്ഞെടുത്തു. ബിഷപ്പുമാരായ മാർ ടോണി നീലങ്കാവിൽ, മാർ ജോണ് നെല്ലിക്കുന്നേൽ എന്നിവരാണു കമ്മീഷനിലെ മറ്റ് അംഗങ്ങൾ.
വിവിധ സെമിനാരികളിൽ പരിശീലനം നൽകുന്ന വൈദികർ, അവരെ അതിനൊരുക്കുന്ന പരിശീലന പരിപാടികളിൽ പങ്കെടുക്കേണ്ടത് ആവശ്യമാണെന്നു സിനഡ് വിലയിരുത്തി. സങ്കീർണമായ ജീവിതാവസ്ഥകളിലൂടെ കടന്നുവരുന്ന വൈദികാർഥികളെ നയിക്കാനും സഹായിക്കാനും സഹഗമനം നടത്താനുമായി, അവരെ പരിശീലിപ്പിക്കുന്ന വൈദികർക്കു സാധിക്കണം. അതിനു വൈദികരെ പ്രാപ്തരാക്കുന്നതിനു ഭാരതത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന പരിശീലന പദ്ധതിയിൽ അവരുടെ പങ്കാളിത്തമുണ്ടാകണം. സെമിനാരികളിലെ പുതിയ അധ്യാപകർക്കും ഇതു ബാധകമാണ്. ഇപ്പോൾ പരിശീലനത്തിൽ ഉൾപ്പെട്ടിരിക്കുന്നവർക്കായി ഹ്രസ്വകാല പരിശീലന പരിപാടികൾക്കും സെമിനാരി കമ്മീഷനുകൾ രൂപം നൽകും.
ഫ്രാൻസിസ് മാർപാപ്പ ഗൾഫിൽ സന്ദർശനം നടത്തുന്നുവെന്നതു വലിയ സന്തോഷത്തോടെയാണു സിനഡ് കാണുന്നത്. നാലു ലക്ഷത്തോളം സീറോ മലബാർ കത്തോലിക്കർ ഗൾഫിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ പങ്കാളിത്തവും മാർപാപ്പയുടെ സന്ദർശനത്തിനു മിഴിവേകുമെന്നു സിനഡ് വിലയിരുത്തി.
Source: deepika.com