വിമാനത്താവളത്തില്‍ വന്‍വരവേല്‍പ്പ് നല്‍കിയതിന് പിന്നാലെ അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലും ഫ്രാന്‍സിസ് പാപ്പക്ക് വന്‍സ്വീകരണം. കൊട്ടാരത്തിനു മുന്നില്‍ മാര്‍പാപ്പ വന്നിറങ്ങിയതോടെ രാജ്യം നല്കുന്ന ഏറ്റവും ഉന്നതമായ ബഹുമതികളോടെയായിരുന്നു സ്വീകരണം. വത്തിക്കാന്റെയും യുഎഇയുടെയും പതാകകള്‍ വഹിച്ചുകൊണ്ടുള്ള കുതിരകളുടെ നടുവിലാണ് പാപ്പയുടെ വാഹനം കൊട്ടാരത്തിന് നടുവിലെത്തിയത്.
ഉച്ചയ്ക്ക് 12ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹ്യാനും ചേര്‍ന്നു മാര്‍പാപ്പയെ കൊട്ടാരത്തിലേക്ക് സ്വീകരിച്ചു. കാറിനടുത്തേക്കു ചെന്നു പാപ്പയെ ആശ്ലേഷിച്ചായിരുന്നു ആഗോള സഭാതലവനെ അവര്‍ വരവേറ്റത്.
ചരിത്രത്തിലാദ്യമായി അറേബ്യന്‍ മേഖല സന്ദര്‍ശിക്കുന്ന പാപ്പയുടെ വരവിലുളള ആദരസൂചകമായി അബുദാബിയില്‍ വ്യോമസേനാ ജെറ്റ് വിമാനങ്ങളുടെ മനോഹരമായ അഭ്യാസ പ്രകടനം നടന്നു. വത്തിക്കാന്റെ പേപ്പല്‍ പതാകയുടെ നിറത്തിലുള്ള മഞ്ഞയും വെള്ളയും പുകച്ചുരുളുകളോടെയായിരുന്നു വ്യോമയാന പ്രകടനം. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ മാര്‍പാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണം നടന്ന സമയത്ത് വിമാനങ്ങള്‍ നഗരത്തിനു മുകളിലെ ആകാശം മഞ്ഞയും വെള്ളയും നിറങ്ങളില്‍ മുക്കിയത് പതിനായിരങ്ങളാണ് ആവേശത്തോടെ ദര്‍ശിച്ചത്. തുടര്‍ന്നു പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ എത്തിയ ആചാരപരമായ വരവേല്പില് സൈനിക ബാന്‍ഡിന്റെ സംഗീതം പ്രത്യേക വിരുന്നായി.