നോമ്പുകാല ത്യാഗമായി ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തുക എന്ന ബംഗ്ലാദേശിലെ കർദ്ദിനാൾ പാട്രിക്ക് ഡി’ റൊസാരിയോയുടെ ആഹ്വാനത്തിന് സമാനമായ പ്രതികരണവുമായി ലാഹോര്‍ മെത്രാപ്പോലീത്തയും. നോമ്പ് കാലത്ത് ഏറ്റവും ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും തങ്ങളുടെ സ്മാര്‍ട്ട്ഫോണുകള്‍ ഉപേക്ഷിക്കണമെന്ന് ലാഹോര്‍ മെത്രാപ്പോലീത്തയായ മോണ്‍. സെബാസ്റ്റ്യന്‍ ഷാ തന്റെ രൂപതയിലെ കത്തോലിക്ക വിശ്വാസികളോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ലാഹോറിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ തടിച്ചുകൂടിയിരുന്ന വിശ്വാസികളോടാണ് അദ്ദേഹം വ്യത്യസ്തമായ ഈ ഉപവാസ രീതി നിര്‍ദ്ദേശിച്ചത്.
കുരിശിന്റെ വഴി ചൊല്ലുമ്പോഴും, ഞായറാഴ്ച കുര്‍ബാനയില്‍ സംബന്ധിക്കുമ്പോഴും ശ്രദ്ധ വ്യതിചലിക്കതിരിക്കുവാന്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് സ്മാര്‍ട്ട്ഫോണ്‍ ഒഴിവാക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ദേവാലയത്തില്‍ വരുമ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ കൊണ്ട് വരുന്നത് സാത്താനെ പോക്കറ്റില്‍ ഒളിപ്പിക്കുന്നതിനു തുല്യമാണ്. മൊബൈല്‍ ഫോണിനും, മയക്കുമരുന്നിനും യുവത്വം അടിമയാകുന്നതിനെതിരെ മുന്നറിപ്പ് നല്‍കുവാനും മോണ്‍. സെബാസ്റ്റ്യന്‍ ഷാ മറന്നില്ല.
പ്രാര്‍ത്ഥിക്കുമ്പോള്‍ പോലും യുവതീയുവാക്കള്‍ എസ്.എം.എസ് അയച്ചുകൊണ്ടിരിക്കുകയാണ്. ഈ ആറാഴ്ചക്കാലം സ്വന്തം ജീവിതത്തെ അപഗ്രഥിക്കുവാനും, ദുശ്ശീലങ്ങള്‍ ഒഴിവാക്കുവാനുമാണ് യുവത്വം ശ്രമിക്കേണ്ടതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഹൈദരാബാദ് മെത്രാനായ മോണ്‍. സാംസണ്‍ ഷുകാര്‍ഡിന്‍ സെബാസ്റ്റ്യന്‍ മെത്രാപ്പോലീത്തയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമായ സാഹചര്യത്തില്‍ മോണ്‍. സെബാസ്റ്റ്യന്‍ ഷായുടെ നിര്‍ദ്ദേശത്തെ ഏവരും സ്വാഗതം ചെയ്യുകയാണ്.
Source: www.pravachakasabdam.com