സഭയുടെ വിവിധ മാധ്യമപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു സീറോ മലബാർ മീഡിയ കമ്മീഷനു സിനഡ് രൂപം നൽകി. വാർത്താ വിനിമയരംഗത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവാത്മകമായ മാറ്റങ്ങൾ പരിഗണിച്ചാണു കമ്മീഷൻ രൂപീകരിച്ചിട്ടുള്ളത്. എല്ലാ രൂപതകളിലും മീഡിയ കമ്മീഷനുകൾ രൂപീകരിച്ചു സഭയുടെ മാധ്യമ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുകയാണു കമ്മീഷന്റെ ദൗത്യം.
സീറോമലബാർ മീഡിയ കമ്മീഷൻ ചെയർമാനായി തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനിയെ തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവരാണു കമ്മീഷനിലെ മറ്റ് അംഗങ്ങൾ.
സാമൂഹ്യമാധ്യമങ്ങളിലൂടെ സഭയെ ആക്രമിക്കാൻ ചില തത്പരകക്ഷികൾ ബോധപൂർവം ശ്രമിക്കുന്നു എന്ന വസ്തുത സിനഡ് ചൂണ്ടിക്കാട്ടി. വിവരസാങ്കേതികമേഖലയിൽ വിദഗ്ധരായ വിശ്വാസികളെ ഉൾപ്പെടുത്തി ഇത്തരം ഗൂഢനീക്കങ്ങളെ പ്രതിരോധിക്കുകയെന്നതും മീഡിയ കമ്മീഷന്റെ ലക്ഷ്യമാണ്. മാധ്യമരംഗത്തു സഭയെക്കുറിച്ചുള്ള പരാമർശങ്ങൾ പരിശോധിക്കാനും ആവശ്യമായ പ്രതികരണങ്ങൾ നൽകാനും മീഡിയ കമ്മീഷൻ നേതൃത്വം നൽകും.
Source: www.deepika.com