ആര്‍ച്ച് ബിഷപ്പ് സൂസപാക്യം മെത്രാപോലീത്ത ആരംഭം കുറിച്ച “ഹാൻഡ് മെയിഡ്സ് ഓഫ് ഹോപ്പ്” സമൂഹത്തിലെ അംഗങ്ങളായി പതിനൊന്ന് പേര്‍ പ്രഥമ വ്രത വാഗ്ദാനം നടത്തി. തീരദേശത്ത് സന്യാസിനീ സമൂഹങ്ങളുടെ നിതാന്തമായ സാമീപ്യം ആവശ്യമാണെന്ന തിരിച്ചറിവിൽ നിന്ന് രൂപപ്പെട്ടതാണ് ഈ രൂപതാ കോൺഗ്രിഗേഷൻ. വെട്ടുതുറ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ച് രാവിലെ 10.30- ന് പൊന്തിഫിക്കൽ ദിവ്യബലിമധ്യേ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം മെത്രാപോലീത്തായുടെ മുൻപാകെയാണ് പതിനൊന്ന് പേര്‍ തങ്ങളുടെ ആദ്യവ്രതം വാഗ്ദാനം നടത്തിയത്. തിരുകര്‍മ്മ മദ്ധ്യേ സന്യാസ വസ്ത്രവും സ്വീകരിച്ച ഇവര്‍ ഇതോടെ “ഹാൻഡ് മെയിഡ്സ് ഓഫ് ഹോപ്പ്” എന്ന സഭയിൽ ഔദ്യോഗികമായി അംഗങ്ങളായി.
സി.അഞ്ജു, സി.ജോസെഫിൻ, സി.നിജി, സി.ജീനു, സി.ബെനഡിക്ട് മേരി, സി.സജിത, സി.അനു, സി.അലീന, സി.സ്വപ്ന, സി.രേഷ്മ, സി.ശോഭ എന്നീ സഹോദരിമാരാണ് പ്രഥമ വ്രതം സ്വീകരിച്ച ഹാൻഡ് മെയിഡ്സ് ഓഫ് ഹോപ്പ് സഹോദരിമാർ. തിരുവനന്തപുരം അതിരൂപതയുടെ ഔദ്യോഗിക കോൺഗ്രിഗേഷനാണ “ഹാൻഡ് മെയിഡ്സ് ഓഫ് ഹോപ്പ്”. പുനലൂർ ബിഷപ്പ് ഡോ.പൊന്നുമുത്തൻ, അതിരൂപത സഹായമെത്രാൻ ഡോ.ക്രിസ്തുദാസ്, മോൺ.ജോർജ് പോള്‍ തുടങ്ങിയവര്‍ തിരുകർമ്മങ്ങളിൽ സഹകാർമ്മികരായി. അതിരൂപതയിലെ അമ്പതോളം വൈദികരും സന്യസ്തരും തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാന്‍ എത്തിയിരിന്നു.
Source: www.pravachakasabdam.com