വൻകിടക്കാരുടെ കോടിക്കണക്കിന് രൂപ എഴുതിത്തള്ളുന്ന സർക്കാരുകൾ പാവപ്പെട്ട കർഷകരുടെ കടങ്ങൾ എഴുതിത്തളളാൻ തയാറാകണമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്. ഇൻഫാം സംസ്ഥാന നേതൃസമ്മേളനം തലശേരി സന്ദേശ് ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . എല്ലാ രംഗത്തും കർഷകൻ അവഗണിക്കപ്പെടുകയാണ്. ദുരിതത്തിലായ കർഷകരെ രക്ഷിക്കാനുള്ള ശ്രമം ഒരുഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ഒരുമിച്ചുനിന്ന് പോരാടിയാൽ മാത്രമേ കർഷകർക്ക് വിജയം കൈവരിക്കാനാകുകയുള്ളൂ. വോട്ട് തേടിയെത്തുന്ന രാഷ്ട്രീയക്കാർക്ക് കർഷകരെ ആവശ്യമില്ലെന്ന മനോഭാവമാണുള്ളത്. ഏതു പ്രതിസന്ധിയിലും കർഷകർ കൃഷിരംഗത്തുനിന്നു പിന്മാറരുതെന്നും മാർ ഞരളക്കാട്ട് പറഞ്ഞു.
കാഞ്ഞിരപ്പള്ളി ബിഷപ്പും ഇൻഫാം രക്ഷാധികാരിയുമായ മാർ മാത്യു അറയ്ക്കൽ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യപ്രഭാഷണം നടത്തി. ഇൻഫാം സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി റിപ്പോർട്ട് അവതരിപ്പിച്ചു.
കർഷക പ്രകടനപത്രിക പ്രകാശനവും അവകാശ പ്രഖ്യാപനവും ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ നിർവഹിച്ചു. ഇൻഫാം ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ, ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ, സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പള്ളി, ദേശീയ ട്രഷറർ ജോയി തെങ്ങുംകുഴി, ദേശീയ സെക്രട്ടറി ജോസഫ് കാര്യാങ്കൽ, സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ, സംസ്ഥാന ട്രഷറർ സണ്ണി അരഞ്ഞാണി, കണ്ണൂർ ജില്ലാ പ്രസിഡന്റ് സ്കറിയ നെല്ലംകഴി, വൈസ് പ്രസിഡന്റ് കരോളിൻ ആന്റണി എന്നിവർ പ്രസംഗിച്ചു.
Source: www.deepika.com