
പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി നിലവിലുള്ള സാമൂഹിക- രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തുന്നതായി ദേശീയ കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) അല്മായ കൗണ്‍സിൽ രാജ്യവ്യാപകമായി സെമിനാർ സംഘടിപ്പിക്കുന്നു. സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ 14 റീജണൽ കൗണ്‍സിൽ, 174 രൂപത പാസ്റ്ററൽ കൗണ്‍സിലുകൾ തുടങ്ങിയവ മുഖേനയാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നതെന്നു ലെയ്റ്റി കൗണ്‍സിൽ ദേശീയ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യൻ അറിയിച്ചു.
രാജ്യത്ത് കത്തോലിക്ക വിശ്വാസത്തിനു നേരിടുന്ന വെല്ലുവിളികൾ, ക്രൈസ്തവർക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമുള്ള ഭരണഘടനാവകാശങ്ങളിലുള്ള ലംഘനങ്ങൾ, വർഗീയത വളരുന്നതിലുള്ള അപകടാവസ്ഥ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും അഗതി മന്ദിരങ്ങൾക്കും എതിരേ നടക്കുന്ന അതിക്രമങ്ങൾ, കത്തോലിക്ക ദേവാലയങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരേ നടക്കുന്ന ആക്രമണങ്ങൾ, കാർഷിക മേഖല നേരിടുന്ന നിലവിലെ വിവിധ പ്രശ്നങ്ങൾ തുടങ്ങിയവയാണ് സെമിനാറുകൾ ചർച്ച ചെയ്യുക. ഇവയിൽ ഉയരുന്ന വിലയിരുത്തലുകൾ ക്രോഡീകരിച്ച് മാർച്ച് പത്തിനകം റിപ്പോർട്ട് നൽകുമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
Source: www.deepika.com